ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഭൂമിശാസ്ത്രപരമായി ഇടനാട്ടില്‍ വരുന്ന പ്രദേശമാണ് രാമപുരം. ഉത്തര അക്ഷാംശം 9.36- ഉം പൂര്‍വ്വ രേഖാംശം 76.34 -ഉം  ഇടനാടാണെങ്കിലും ഇവിടെ കുന്നുകളും മലകളും ധാരാളമുണ്ട്. രാമപുരത്തിന്‍റെ കേന്ദ്രമായ ടൗണ്‍ പ്രദേശം സമതലമാണ്. അവിടെ നിന്നും വടക്കോട്ടും പടിഞ്ഞാറോട്ടും മാറിയാല്‍ മലകളാണ്. നെടുമല, കുരുവന്‍കുന്ന് ഇവ വടക്കും കൂഴമല പടിഞ്ഞാറും അന്ത്യാളം കുന്നുകള്‍ തെക്കും സ്ഥിതി ചെയ്യുന്നു. ഈ മലകളുടെ ഉള്‍ച്ചെരുവുകളും ഇടയ്ക്കുവരുന്ന സാമാന്യം വിസ്തൃതമായ  താഴ്വരകളും ചേര്‍ന്നതാണ് ഈ പഞ്ചായത്തെന്ന് പറയാം. നെടുമലയെ തുടര്‍ന്നുള്ള കുറിഞ്ഞി കൂമ്പന്‍ ആ പേര് സൂചിപ്പിക്കും വിധം വൃത്തസ്ഥൂലാകൃതിയില്‍ കിഴുക്കാംതൂക്കായി ഉയര്‍ന്നു നില്ക്കുന്നു. കാലാകാലങ്ങളായി വെള്ളമൊഴുകി പാറ തെളിഞ്ഞു നില്‍ക്കുന്ന കൂമ്പന്‍റെ മുകള്‍ഭാഗത്ത് ജനാധിവാസവും സാധാരണകൃഷിയുമില്ല. എങ്കിലും കൂമ്പന്‍ രാമപുരത്തിന്‍റെ ഭൂവിസ്തൃതിയില്‍ നിസ്സാരമായ ഒരു ഭാഗമേ ആകുന്നുള്ളൂ. നെടുമല നീണ്ടുകിടക്കുന്ന മലയാണ്. കോട്ടയം ഇടുക്കി ജില്ലയുടെ അതിരുമാണത്. നെടുമലയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഉരുള്‍പൊട്ടലുണ്ടായി. മുമ്പ് ഈ മേഖലയില്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് അവിടെ കാണുന്ന വെള്ളച്ചാലുകള്‍ വ്യക്തമാക്കുന്നു. കൂഴമലയും സാമാന്യം ഉയരമുള്ള മലയാണ്. അതിന്‍റെ കിഴക്കേചെരിവാണ് രാമപുരം പഞ്ചായത്തില്‍ വരുന്നത്. അവിടെ ഉരുളുപടി ഭാഗത്ത് കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് ചെറിയൊരു ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. കൂഴമലയുടെ ഭാഗമായുള്ള പരുന്തന്‍മലയില്‍ നിന്നു നോക്കിയാല്‍ രാമപുരത്തിന്‍റെ മുക്കാല്‍ ഭാഗങ്ങളും കാണാം. എന്നാലും ഈ പ്രദേശങ്ങളെല്ലാം കൃഷിയോഗ്യമാണ്. ഈ ഭാഗത്തും ധാരാളം ചെറിയ കുന്നുകളുണ്ട്. ഈ പ്രദേശത്തിന്‍റെ മിക്ക ഭാഗങ്ങളും ഉയര്‍ന്ന സ്ഥലങ്ങളാണ്. കൊണ്ടാടിനു കിഴക്ക് വളക്കാട്ടുകുന്നും കൃഷിയോഗ്യമായ ഉയര്‍ന്ന പ്രദേശങ്ങളാണ്. അതിനടുത്തുള്ള വാഴയ്ക്കമലയും വടക്കുഭാഗത്തുള്ള പഴമലയും പേരുകള്‍ സൂചിപ്പിക്കുംപോലെ വലിയ മലകളല്ല, കുന്നുകള്‍ മാത്രം.
കുറിഞ്ഞിക്കാവ് , ചിറയ്ക്ക കാവ് എന്നിവയുടെ സമീപ പ്രദേശങ്ങളില്‍ നിന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്‍ഡ്യയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം നിരവധിയായ മുനിയറകള്‍ കണ്ടെത്തിയിരുന്നു.ഈ മുനിയറകള്‍ ബി.സി 1000 ത്തിനു മുമ്പായി നിര്‍മ്മിച്ചവയാണെന്ന് കരുതപ്പെടുന്നു. ബി.സി 3000 ത്തിനും ബ.സി 1000 ത്തിനുമിടയില്‍ ഇവിടെ ജനജീവിതം ഉണ്ടായിരുന്നുവെന്ന് കുറിഞ്ഞിക്കാവിലെ മുനിയറകളെ കുറിച്ചുള്ള പഠനം സൂചിപ്പിക്കുന്നു. കുറിഞ്ഞിക്കാവ് പ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുമാണ്.  മാമലനാടെന്ന കേരളഭൂമിയുടെ വിശേഷണത്തിന്‍റെ സാക്ഷ്യപത്രമെന്ന് 
ചൂണ്ടിക്കാണിക്കാവുന്ന ഭൂവിഭാഗമാണ് കോട്ടയം ജില്ലയിലെ രാമപുരം ഗ്രാമപഞ്ചായത്ത്. കേരളപ്പഴമയ്ക്കൊപ്പം പഴക്കമുള്ള ജനവാസകേന്ദ്രം. കുറിഞ്ഞിക്കൂമ്പനും കോട്ടമലയും കുറവന്‍കുന്ന് കൂഴമലയും കാവല്‍നില്‍ക്കുന്ന തളികപോലെ നിരപ്പായ പ്രദേശം. ഇടയ്ക്കിടെ ചെറുകുന്നുകളും മേടുകളും അരുവികളും തോടുകളും നിറഞ്ഞ പ്രകൃതി കനിഞ്ഞരുളിയ  ഫലഭൂയിഷ്ടമായ മണ്ണ്. തോട്ടവിളകള്‍ക്കൊപ്പം നടുതലകളും നെല്ലും വാഴയും മലക്കറികളും മണ്ണിനെ ഹരിതാഭമാക്കുന്നു.